July 24, 2011

Teacher (Story by Nithinraj VV- H1)

          ടീച്ചര്‍                  

ക്ളാസിലെ   മുന്‍ ബെഞ്ചിലിരുന്ന നന്ദുവിനെ ടീച്ചര്‍ ശ്രദ്ധിച്ചു. മെല്ലെ അവന്ടെ അടുത്ത് ചെന്നു. ടീച്ചര്‍ തന്നെ നോക്കുകയാണെന്ന്  മനസില്ലാക്കിയ നന്ദു പതിയെ എഴുന്നേറ്റു നിന്നു. ടീച്ചര്‍ അവനെ അടിമുടി നോക്കി. നന്ദുവിന്റെ മുഖം പൌഡര്‍ പൂശി വളരെ മോശമായി കിടക്കുകയാണ് . ആ വെളുത്ത പൊടി മുഖത്ത് നിന്നു പോയിട്ടില്ല. ഷര്‍ട്ട്  മുഷിഞ്ഞും കുടുക്ക് തെറ്റിയും ഇട്ടിരിക്കുന്നു. ടീച്ചര്‍ അവന്ടെ അടുത്ത് ചെന്ന്  ചോദിച്ചു , "മോന്‍ എന്താ ഇങ്ങിനെ? ആരാ മോനെ ഒരുക്കി തന്നത് ?" 
 അവന്‍ മിണ്ടാതെ നിന്നു. പിന്നെ പറഞ്ഞു "ഞാന്‍ തന്നെയാ ഒരുങ്ങിയത് ." 
ടീച്ചര്‍ പുഞ്ചിരിയോടെ ചോദിച്ചു, "അപ്പോ  മോന്റെ അമ്മയോ?"
"എനിക്ക്  അമ്മയില്ല " എന്ന് അവന്‍ പറഞ്ഞപ്പോള്‍ ടീച്ചറുടെ ഉള്ളു കാളി. പിന്നെ ഒന്നും ചോദിക്കാതെ ടീച്ചര്‍ അവന്റെ മുടി ഒതുക്കി കൊടുത്തു. മുഖത്തെ പൌഡര്‍ സാരി തുമ്പ് കൊണ്ട് തുടച്ചു. ഷര്‍ട്ട് നേരെയിട്ടു.
അവന്റെ കണ്ണ് നിറഞ്ഞു. തന്‍റെ വീട്ടിലെ അവസ്ഥ അവന്റെ മനസ്സിലൂടെ കടന്നു പോയി. കുഞ്ഞമ്മയുടെ വീട്ടില്‍ അഭയാര്‍ഥി യെ  പോലെ കഴിയുന്ന തന്നെ അടിക്കുകയും വഴക്ക് പറയുകയും
ചെയ്യുന്നത്  അവന്റെ മനസ്സില്‍ മാറി മറിഞ്ഞു.
ടീച്ചര്‍ അവന്റെ കവിളില്‍ ഉമ്മ വച്ചു. അവന്‍ പൊട്ടി കരഞ്ഞു. തന്‍റെ അമ്മ മരിച്ചു പോയില്ലയിരുനെന്ന്കില്‍  ....
ടീച്ചര്‍ ക്ളാസ്എടുത്തു കൊണ്ടിരുന്നു. പക്ഷെ അവനു ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവന്‍ ടീച്ചറുടെ കണ്ണുകളിലേക്കു നോക്കി ഇരുന്നു.
അന്നും വീടിലെത്തിയപ്പോള്‍ പതിവ് പോലെ കുഞ്ഞമ്മയുടെ വഴക്ക് കേള്‍ക്കേണ്ടി വന്നു. അവന്‍ വാതിലടച്ചു കിടന്നു. വിദേശത്തുള്ള തന്ടെ അച്ഛനെങ്കിലും അടുത്ത് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചു . 
രാത്രി കിടക്കയുടെ അടിയില്‍ നിന്ന് ഒരു കൊച്ചു ഡയറി എടുത്തു. അതില്‍ ഒരു സ്ത്രീയുടെ ചിത്രം വരച്ച് അതിനടിയില്‍ അമ്മ എന്ന്  എഴുതിയിരുന്നു. അതിന്ടെ അടുത്ത പേജില്‍ അവന്‍ എഴുതി " എനിക്ക് എന്ടെ അമ്മയെ തിരിച്ചു കിട്ടി . ഒരു പാട് യാതനകള്‍ ക്കിടയില്‍  സ്നേഹവുമായി അമ്മ വന്നു. ഞാന്‍  വളരെയധികം സന്തോഷിക്കുന്നു . എനിക്ക് എന്ടെ അമ്മയെ തിരിച്ചു കിട്ടി. എനിക്ക് മാത്രമല്ല എല്ലാ മക്കള്‍ക്കും ടീച്ചര്‍ അമ്മയാണ്, ഗുരുവാണ് , ദൈവമാണ് . എന്നും ആ അമ്മ എന്ടെ കൂടെയുണ്ടാവണമെന്നു ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു ."
അത് എഴുതി മടക്കി വെയ്ക്കുമ്പോള്‍ അവന്റെ മനസ്സില്‍ ടീച്ചറുടെ മുഖം തെളിഞ്ഞു വന്നു. അവന്‍ കിടക്കാന്‍ വേണ്ടി തിരിഞ്ഞപ്പോള്‍ അവന്റെ കൈ തട്ടി ഒരു പത്രം താഴെ വീണു. അതെടുത്തു തിരികെ മേശ പുറത്തു വെയ്ക്കുമ്പോള്‍ ഒരു വാര്‍ത്ത കണ്ടു ."ഇംഗ്ലീഷ് എഴുതുമ്പോള്‍ സ്പെല്ലിംഗ് തെറ്റിയതിന്റെ പേരില്‍ മൂന്ന് വയസ്സുകാരിയെ ടീച്ചര്‍ പൊതിരെ തല്ലി. കുട്ടി ആശുപത്രിയില്‍ ..."
ആ വാര്‍ത്ത കണ്ട് നന്ദുവിന്റെ  മനസ്സില്‍ നേരിയ ദുഃഖം തോന്നി . 
അവന്‍ തന്ടെ ഡയറി യിലേക്കും പത്രത്തിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു. 

                                                                                     (നിതിന്‍ രാജ് . വി . വി )


1 comment: